06.27.07

ലിനക്സ് അധിഷ്ടിത ഗ്നു സിസ്റ്റത്തിന് വീണ്ടുമൊരു ശബ്ദാത്മക നിവേശകരീതി (phonetic input method) കൂടി

Posted in Free Software at 1:05 pm by Pirate Praveen

This post is Malayalam, if you are not able to see this post properly you may need to consult this page – http://fci.wikia.com/wiki/Malayalam/help

പുതിയൊരു ശബ്ദാത്മക നിവേശകരീതിയുമായി ഇത്തവണ വന്നത് ജിനേഷാണ്. ഗൂഗിള്‍ കോഡിന്റെ വേനലില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പങ്കെടുക്കുന്ന 5 സംരംഭങ്ങളിലൊന്നാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സന്തോഷ് സ്വനലേഖ* എന്ന് പേരിട്ട തന്റെ സ്കിം നിവേശകരീതിയ്ക്കുള്ള മലയാളം ശബ്ദാത്മക പ്ലഗിനുമായി വന്നത്.

ബോല്‍നാഗരി എന്ന പേരില്‍ ദേവനാഗരി ലിപിയ്ക്ക് വേണ്ടി ഇന്‍ഡ്ലിനക്സ് സംരംഭം തയ്യാറക്കിയ കീബോര്‍ഡ് വിന്യാസത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. വളരെ എളുപ്പത്തിലുപയോഗിയ്ക്കാവുന്നതും കൂടുതല്‍ സജ്ജീകരണങ്ങളോ മറ്റ് സോഫ്റ്റ്‌വെയറുകളോ ആവശ്യമില്ലാത്തതുമാണ്. ഈ കാരണം കൊണ്ടുതന്നെ ജിനേഷ് ഇതിനെ “ലളിത” എന്ന് വിളിയ്ക്കുന്നു. ഇതിനെപ്പറ്റി കൂടുതലറിയാന്‍
http://fci.wikia.com/wiki/SMC/Lalitha എന്ന താള്‍ കാണുക.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലേയ്ക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകുന്നതും, സംരംഭം വളരെ സജീവമാകുന്നതും, വളരെ സന്തോഷമേകുന്ന കാര്യമാണ്. അതു പോലെത്തന്നെ സരായ് ഫെലോഷിപ്പിന് വേണ്ടിയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വഴികാട്ടുന്ന സംരംഭങ്ങള്‍ക്കപേക്ഷിച്ചിട്ടുണ്ട്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ നിങ്ങള്‍ക്കും പങ്കുചേരാം. ഇതിനായി പ്രത്യേക സാങ്കേതിക മികവോ കമ്പ്യൂട്ടറില്‍ പരിജ്ഞാനമോ അത്യാവശ്യമില്ല. “എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് സഹകരിയ്ക്കാന്‍ തയ്യാറുള്ളൊരു മനസു മതി. ചര്‍ച്ചകളില്‍ പങ്കെടുക്കാനായി

http://groups.google.com/group/smc-discuss/
എന്ന താള് കാണുക.

* സ്വനലേഖയെക്കുറിച്ച് കൂടുതലാറിയാനും അതുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കും
http://fci.wikia.com/wiki/SMC/Swanalekha എന്ന താള്‍ കാണുക.