07.20.14

കേരളീയത്തില്‍ വന്ന ശ്യാം ബാലകൃഷ്ണനുമായുള്ള അഭിമുഖം

Posted in Uncategorized at 9:18 pm by Pirate Praveen

സൂരജ് കേണോത്താണു് ആദ്യമായി ജൈവ കര്‍ഷകനായ ശ്യാമിനെ മാവോയിസ്റ്റെന്ന പേരില്‍ അറസ്റ്റ് ചെയ്തതായി എന്നോടു് പറഞ്ഞതു്. നമുക്കെന്തു് ചെയ്യാനാകും എന്ന ചര്‍ച്ചയില്‍ നിന്നാണു് ശ്യാമിനെ നേരിട്ടു് കാണാനും കുറച്ചു് ദിവസം അവരോടൊപ്പം വയനാട്ടില്‍ പോയി താമസിക്കാനും തീരുമാനിച്ചതു്.

ഏകലോക സര്‍വ്വകലാശാല

ശ്യാമും ഗീഥിയും താമസിക്കുന്ന വയനാട്ടിലെ നിരവില്‍പ്പുഴയിലെ വീടു്.

ഒരാഴ്ച അവിടെ താമസിക്കുകയും വളരെ രസകരമായ പല ചര്‍ച്ചകളും അന്വേഷണങ്ങളും നടന്നു. കാടും വിറകും വെട്ടുന്നതു് മുതല്‍ സ്റ്റീല്‍ വേലി അഴിച്ചു് വയ്ക്കുന്നതടക്കമുള്ള പല പണികളിലും ചെറുതായി സഹായിച്ചു. സ്വന്തം പാടത്തു് കൊയ്തെടുത്ത ഓണോട്ടന്‍ അരിയുടെ കഞ്ഞിയും പുട്ടും ഇഷ്ടം പോലെ തേങ്ങയിട്ട കടല-ചക്ക കറികളും മാങ്ങയും തുടങ്ങി ഭക്ഷണം കേമമായിരുന്നു.

ശ്യാമിന്റെ മുറിവു് കെട്ടുന്ന ഗീഥി

ശ്യാമിന്റെ മുറിവു് കെട്ടുന്ന ഗീഥി

അടുത്തുള്ള പുഴയിലെ കുളിയും വെനല്‍ക്കാലത്തും പുതച്ചു്കിടന്നുറങ്ങാന്‍ പറ്റിയ തണുപ്പും സൌരോര്‍ജ്ജം ഉപയോഗിച്ചു് ഊര്‍ജ്ജസ്വയംപര്യാപ്തതതയും നവലോകസൃഷ്ടിയുടെ സ്വപ്നങ്ങളും വീണ്ടും അവിടെ ചെല്ലാനായി മടി വിളിക്കുന്നു.

അഭിമുഖത്തിനു് ആമുഖമായി ശ്യാം അയച്ച ഈമെയില്‍ താഴെ.

പ്രിയ മിത്രമേ,

കഴിഞ്ഞ മെയ്മാസം 20നു, വടക്കേ വയനാട് താമസിക്കുന്ന എന്നെ
മാവോയിസ്റ്റാണെന്ന പേരില്‍ പോലീസ് നടുറോഡില്‍ വെച്ചു കസ്റ്റഡിയില്‍
എടുത്തിരുന്നു. തുടര്‍ന്ന് അന്ന് അര്‍ദ്ധരാത്രിവരെ മുപ്പതോളം പോലീസുകാരും
തണ്ടര്‍ ബോള്‍ട്ട് സൈനീകരും ചേര്‍ന്ന് ഞാന്‍ താമസിക്കുന്ന വീട്
പരിശോധിക്കുകയും അകാരണമായി എന്റെ മൊബൈലും ലാപ്ടോപ്പും കസ്റ്റഡിയില്‍
എടുക്കുകയും ചെയ്തു. അതിനടുത്ത ദിവസവും രണ്ടു ഡി.വൈ.എസ്.പി.മാര്‍ തുടര്‍
അന്വേഷണത്തിനായി വീട്ടില്‍ വന്നിരുന്നു. ഒരു പക്ഷെ, ഈ വിവരങ്ങള്‍
സുഹൃത്ത് ഇതിനോടകം അറിഞ്ഞിട്ടുണ്ടാകാം.

ഇന്ത്യയില്‍ ഒട്ടാകെ അരങ്ങേറുന്ന പല പോലീസ്-സൈനീക നടപടികളുടെ ഭീകരതയുമായി
താരതമ്യം ചെയ്യുമ്പോള്‍ മേല്‍വിവരിച്ചത് അങ്ങേയറ്റം നിസ്സാരമായ സംഭവമാണ്;
എങ്കിലും വല്ലാതെ രൂക്ഷമാകുന്ന ഒരു പ്രതിസന്ധിയുടെ ലക്ഷണവുമാണത്. ഈ
സാഹചര്യത്തെ മാറ്റിത്തീര്‍ക്കുവാനുള്ള ഒരുപാട് പരിശ്രമങ്ങള്‍
നടക്കുന്നുണ്ട്; മുഖ്യധാരയിലും അല്ലാതെയും. എങ്കിലും, വൈവിധ്യമാര്‍ന്ന
പശ്ചാത്തലമുള്ള മനുഷ്യരാശിയുടെ ജീവിതഭാവനകളെ സ്വാധിനിക്കാനും
പ്രചോദിപ്പിക്കാനും കഴിയുന്ന, ചിന്നിച്ചിതറിയ പ്രവര്‍ത്തനമേഖലകളിലുള്ള
നമ്മെ കൂട്ടിയിണക്കി ഒരൊറ്റ മുന്നേറ്റമാക്കാന്‍ കരുത്തുള്ള സമഗ്രമായ
വീക്ഷണത്തിന്റെ അഭാവം നാം നേരിടുന്നുണ്ട്. വാള്‍സ്ട്രീറ്റ്
പ്രക്ഷോഭത്തില്‍ തുടങ്ങി ഇന്ത്യയില്‍ത്തന്നെ നടക്കുന്ന ഇറോം
ശര്‍മ്മിളയുടെ സമരത്തിലും ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലുകളിലുമെല്ലാം,
എന്തിനധികം മാവോയിസ്റ്റ് യുദ്ധങ്ങളിലടക്കം ഈ ദാര്‍ശനിക ശൂന്യത
നിഴലിക്കുന്നുണ്ട്. മറുവശമാകട്ടെ, വികസനദര്‍ശനം തരുന്ന അച്ചടക്കത്താല്‍
എണ്ണയിട്ട യന്ത്രം പോലെ പ്രയത്നിക്കുന്നു; അവിടെ മുതലാളിത്തവും ഫാസിസവും
ഭരണകൂടവുമെല്ലാം ഒരേ ലക്ഷ്യത്തില്‍ ഒരുമിക്കുന്നു.

ഈ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള എളിയ ശ്രമം എന്ന നിലയ്ക്കാണ്
കേരളീയവുമായുള്ള ഈ അഭിമുഖ സംഭാഷണം സംഭവിച്ചത്. ഭരണകൂടത്തെ
നമ്മളോരോരുത്തരില്‍നിന്നും ഒട്ടും ഭിന്നമല്ലാതെയും കുടുംബം, മതം തുടങ്ങിയ
സ്ഥാപനങ്ങളുടെ ഉള്ളടക്കത്തോടു ചേര്‍ത്തുവെച്ചും മനസ്സിലാക്കുന്ന
സമീപനമാണ് ഇതിലുള്ളത്.

വളരെ വിശദമായി നടക്കേണ്ട സംവാദങ്ങളുടെ ആമുഖം മാത്രമായി ഈ
അഭിമുഖത്തെക്കണ്ട് കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും രൂപപ്പെടുത്താമോ?
സുഹൃത്തിന്റെ പ്രതികരണങ്ങള്‍ ദയവായി സുഹൃത്തിനൊപ്പം ഈ കത്ത്
അയച്ചിരിക്കുന്ന എല്ലാവര്‍ക്കുമായി അയക്കണേ..

സ്നേഹം
ശ്യാം ബാലകൃഷ്ണന്‍

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ Keraleeyam Interview of Shyam Balakrishnan

പിന്നീടു് ചേര്‍ത്തതു്: ഡയാസ്പൊറയില്‍ നടക്കുന്ന ചര്‍ച്ച

Leave a Comment